ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിലെ പങ്കാളിത്തം ഹമാസ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സെക്യൂരിറ്റീസ് അതോറിറ്റി. വയോധികരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടു വരാന്‍ ഹമാസ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതായ വീഡിയോയാണ് ഇസ്രയേല്‍ പുറത്തുവിട്ടതെന്ന് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രയേലില്‍ നിന്നുള്ളവരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുവരുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്തതായി ഹമാസ് പ്രവര്‍ത്തകര്‍ വീഡിയോയില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഒരു ബന്ദിയെ തട്ടിക്കൊണ്ട് ഗാസയിലേക്ക് കൊണ്ടുവന്നാല്‍ അവര്‍ക്ക് 10,000 ഡോളര്‍ സ്‌റ്റൈപ്പന്‍ഡും ഒരു അപ്പാര്‍ട്ട്‌മെന്റും ലഭിക്കുമെന്നാണ് ഹമാസ് പ്രവര്‍ത്തകരിലൊരാള്‍ വീഡിയോയില്‍ പറയുന്നത്. പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു വരാനാണ് നേതാക്കള്‍ പ്രത്യേക നിര്‍ദേശിച്ചിട്ടുള്ളത്. കഴിയുന്നത്ര പേരെ തട്ടിക്കൊണ്ടു വരാനാണ് നിര്‍ദേശമെന്നും ഹമാസ് അംഗങ്ങള്‍ പറയുന്നു. മൃതദേഹത്തില്‍ വെടിയുതിര്‍ത്തതിനെ കമാന്‍ഡര്‍ വിമര്‍ശിച്ചതിനെ കുറിച്ചും ഒരാള്‍ പറയുന്നത് വീഡിയോയിലുണ്ട്.’ മൃതദേഹത്തിലേക്ക് വെടിയുതിര്‍ത്ത് വെടിയുണ്ടകള്‍ പാഴാക്കരുതെന്നാണ് കമാന്‍ഡര്‍ പറഞ്ഞതെന്ന് പ്രവര്‍ത്തകന്‍ പറഞ്ഞതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.