കാക്കൂർ (കോഴിക്കോട്) : യൂട്യൂബറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം. ദുബായിൽ റിഫയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയെന്നത് ഭർത്താവ് മെഹ്നാസും സംഘവും പ്രചരിപ്പിച്ച കെട്ടുകഥ ആയിരുന്നുവെന്ന് പിതാവ് റാഷിദ് ആരോപിച്ചു. ഇവിടെ നടക്കുന്ന അന്വേഷണത്തിനു സഹായമാവുമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ടു. റിഫയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും മന്ത്രി എ.കെ.ശശീന്ദ്രനെ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റിഫ കടുത്ത ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായതായി പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാർച്ച് ഒന്നിന് പുലർച്ചെയാണു റിഫയെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഭർത്താവ് മെഹ്നാസും സംഘവും പറഞ്ഞ കാര്യങ്ങൾ കൂടുതൽ ദുരൂഹത ഉയർത്തുന്നതായിരുന്നുവെന്ന് കുടുംബം പറയുന്നു. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹമായതിനാൽ അര മണിക്കൂറിൽ കൂടുതൽ വച്ചിരിക്കാൻ പാടില്ലെന്ന് പറഞ്ഞ് വേഗത്തിൽ കബറടക്കുകയായിരുന്നു. പിന്നീട് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴാണു പോസ്റ്റ്മോർട്ടം നടന്നിട്ടില്ലെന്നും ഫൊറൻസിക് പരിശോധന മാത്രമാണ് ദുബായിൽ നടത്തിയതെന്നും അറിയുന്നത്.