കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫയുടെ ഭർത്താവ് മെഹ്നാസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹർജി 20ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ചോദ്യംചെയ്യലിന് ഹാജരാകാൻതയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷകസംഘം ലുക്ക് ഔട്ട് പുറത്തിറക്കിയത്. മൊഴിയെടുക്കുന്നതിന് സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാനായില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി മടങ്ങുകയായിരുന്നു.