കൊച്ചി ∙ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മാതാപിതാക്കൾ കോഴിക്കോട് കുടുംബക്കോടതിയിൽ നൽകിയ ഹർജികളിൽ കുട്ടിക്കു വേണ്ടി സ്വതന്ത്ര അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയത്. കേരളത്തിലെ നീതിന്യായ ചരിത്രത്തിൽ ആദ്യമാണ് ഇത്തരമൊരു ഉത്തരവ്. ഹർജികൾ 3 മാസത്തിനകം തീർപ്പാക്കാനും നിർദേശിച്ചു.മലപ്പുറം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. എട്ടര വയസ്സുള്ള കുട്ടിയെ വിട്ടുകിട്ടാൻ പിതാവ് കുടുംബക്കോടതിയിൽ ഹർജി നൽകിയെങ്കിലും തുടർനടപടികൾക്കു മുതിർന്നില്ല. എന്നാൽ, കുട്ടിയെ വിട്ടുകിട്ടാൻ അമ്മ ഉപഹർജി നൽകി. വാദം കേട്ട കുടുംബക്കോടതി കുട്ടിയെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടു. തുടർ നടപടിക്കു മുതിരാത്ത പിതാവിനൊപ്പം കുട്ടിയെ വിടാൻ കോടതിക്കു കഴിയുമോയെന്ന വിഷയമാണു ഹൈക്കോടതി പരിഗണിച്ചത്.