ഫ്ലോറിഡ: വിവാഹമോചനത്തിന് ശേഷം താമസ സ്ഥലം മാറാന്‍ അനിയത്തിക്ക് തടസമായത് കുട്ടികളെ ചൊല്ലിയുള്ള നിയമ പോരാട്ടം. മുന്‍ അളിയനെ കൊന്ന് പരിഹാരം കണ്ടെത്തിയ ഡോക്ടർക്ക് ജീവപര്യന്തം. ദക്ഷിണ ഫ്ലോറിഡയിലെ ദന്ത ഡോക്ടർക്കാണ് കോടതി 30 വർഷത്തിൽ കുറയാതെ ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചത്. 47കാരനായ ചാർളി ആഡെൽസണ്‍ എന്ന ഡോക്ടറാണ് സഹോദരിയുടെ മുന്‍ ഭർത്താവായ ഡാന്‍ മാർക്കലിനെ വെടിവച്ചു കൊലപ്പെടുത്താനായി ക്വട്ടേഷന്‍ നൽകിയത്. കൊലപാതകം, ഗൂഡാലോചന കുറ്റങ്ങളാണ് ചാർളിക്കെതിരെ തെളിഞ്ഞത്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്ണ്. ചാർളിയുടെ സഹോദരിയായ വിന്‍ഡി ആഡെൽസണ്‍ മാർക്കലുമായി വിവാഹമോചനം നേടിയിരുന്നു. ഭർത്താവിന്റെ സ്ഥലമായ തല്ലാഹസ്സിയിൽ നിന്ന് ദക്ഷിണ ഫ്ലോറിഡയിലുള്ള കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങണമെന്ന് വിവാഹ മോചനത്തിന് പിന്നാലെ വിന്‍ഡി ആഗ്രഹിച്ചിരുന്നു. എന്നാൽ മൂന്നും നാലും വയസുള്ള കുട്ടികളുമായി വളരെ ദൂരെ പോയി താമസിക്കുന്നതിനെ ഇവരുടെ ഭർത്താവായിരുന്ന ഡാന്‍ മെർക്കൽ എതിർത്തു. പിതാവിന്റെ അനുമതി ഇല്ലാതെ സ്ഥലം മാറാന്‍ ആവില്ലെന്ന് കോടതി കൂടി നിലപാട് എടുത്തതോടെ വിന്‍ഡി സഹോദരനോട് പരാതിപ്പെട്ടിരുന്നു. ഇതോടെ കാമുകിയായ കാതറിന്റെ മുന്‍ ഭർത്താവിന് ഡാന്‍ മെർക്കലിനെ കൊല ചെയ്യാന്‍ ചാർളി ക്വട്ടേഷന്‍ നൽകുകയായിരുന്നു. തല്ലാഹസ്സിയിലെ വീടിന് പുറത്ത് കാറിനുള്ളിൽ വച്ചാണ് ഡാന്‍ മെർക്കലിന് വെടിയേറ്റത്. 2014 ഡിസംബറിലായിരുന്നു കൊലപാതകം നടന്നത്.
സംഭവത്തിൽ കൊലയാളികൾ അറസ്റ്റിലായിരുന്നുവെങ്കിലും അടുത്തിടെയാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍ പുറത്ത് വരുന്നത്. ചാർളിയുടെ കാമുകിയുടെ മുന്‍ ഭർത്താവായ സിഗ്ഫ്രഡോ ഗ്രാസിയ നടത്തിയ കുറ്റസമ്മതത്തിലാണ് കൊലപാതകത്തിലെ ഡോക്ടറുടെ പങ്ക് പുറത്തായത്. ബാല്യകാല സുഹൃത്തായ ലൂയിസ് റിവേരയുടെ സഹായത്തോടെയായിരുന്നു ഇവർ ഡാന്‍ മെർക്കലിനെ കൊലപ്പെടുത്തിയത്. കൊലപാതക കേസിൽ ഇവർ രണ്ട് പേരും നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
ജീവപര്യന്തം തടവ് 19 വർഷമായി കുറയ്ക്കാമെന്ന വാഗ്ദാനത്തിന് പിന്നാലെയാണ് ഗ്രാസിയ കുറ്റസമ്മതം നടത്തിയത്. ഇതോടെയാണ് 47കാരനായ ഡോക്ടർ കേസിൽ കുടുങ്ങുന്നത്. ഡോക്ടറുടെ അമ്മയേയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിയറ്റ്നാമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് 73കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മുന്‍ ഭർത്താവിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന വിനഡിയുടെ വാദം കോടതി ശരിവച്ചു.