കൊല്ലം > എയ്ഡ്സ് പകർത്താൻ ബോധപൂർവം പത്തുവയസുകാരനെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ എയ്ഡ്സ് രോഗിയായ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ.1.05 ലക്ഷം രൂപ പിഴയുമൊടുക്കണം. എയ്ഡ്സ് രോഗത്തിന് വർഷങ്ങളായി ചികിത്സ തേടുന്ന ഇടമൺ വെള്ളിമല സ്വദേശിയായ 49 കാരനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജില്ലാ ജഡ്ജ് ടി ഡി ബൈജു ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഇരയായ കുട്ടിക്ക് ഒരുലക്ഷം- രൂപ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരം നൽകണം.
അത്യപൂർവമായ കേസിൽ ഐപിസിയിലെയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2020 ലാണ് ഈ കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷൻ ഭാഗത്ത് 19 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി. തെന്മല പൊലീസ് ഇൻസ്പെക്ടർ എം ജി വിനോദ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി അജിത്ത് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിന് എഎസ്ഐ ഷൈല ബീഗവും സഹായിച്ചു.