ദില്ലി : നിലവിലെ ഫോം പരിഗണിക്കുമ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടി-20 ടീമിൽ നിർബന്ധമായും ഉൾപ്പെടേണ്ട താരമല്ലെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക് തുടങ്ങിയവർക്കാണ് പന്തിനു മുകളിൽ താൻ പരിഗണന നൽകുകയെന്ന് ജാഫർ പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാഫറിൻ്റെ അഭിപ്രായ പ്രകടനം.
“കെഎൽ രാഹുൽ ഉണ്ട്. അദ്ദേഹം തിരികെവന്നാൽ, നേരെ ടീമിലെത്തും. രാഹുൽ ഒരു വിക്കറ്റ് കീപ്പർ കൂടിയാണ്. കാർത്തിക് ടീമിൽ ഉൾപ്പെട്ടാൽ അദ്ദേഹവും വിക്കറ്റ് കീപ്പറാണ്. അതുകൊണ്ട്, നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഋഷഭ് പന്ത് ടീമിൽ നിർബന്ധമായും ഉൾപ്പെടേണ്ട താരമല്ല. അദ്ദേഹം സ്ഥിരതയോടെ ഇനിയും റൺസ് സ്കോർ ചെയ്യണം. ഐപിഎലിൽ അത് ചെയ്തില്ല. രാജ്യാന്തര ടി-20കളിലും അദ്ദേഹം അത് ചെയ്തിട്ടില്ല. ഞാനിത് പലതവണ പറഞ്ഞിട്ടുണ്ട്. ടെസ്റ്റിലും ചില ഏകദിനങ്ങളിലും കളിച്ചതുപോലെ അദ്ദേഹം ടി-20കളിൽ കളിച്ചിട്ടില്ല.”- വസീം ജാഫർ പറഞ്ഞു.
അതേസമയം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. രാത്രി ഏഴ് മണിക്ക് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾക്ക് ഈ കളിയിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.