റിയാദ് : കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് എഡിഷന്‍ പ്രവാസി സാഹിത്യോസവ് ഒക്ടോബര്‍ ഇരുപത് വെളളിയാഴ്ച്ച നടക്കും. ആര്‍എസ്സി റിയാദ് സോണ്‍സാഹിത്യോത്സവ് മത്സരങ്ങള്‍ക്കാണ് രാവിലെ 8 മണിക്ക് സുലൈ റീമാസ് ഓഡിറ്റോറിയത്തില്‍ തുടക്കമാകുന്നത്. കലാ, സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമുളള ശ്രദ്ധേയമായ ഇടപെടലായാണ് സാഹിത്യോത്സവ് നടത്തുന്നത്. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് സോണ്‍ തല മത്സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരക്കുന്നത്.
കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 87 ഇനങ്ങളില്‍ നാനൂറിലധികം മത്സരാര്‍ത്ഥികള്‍ സോണ്‍ സാഹിത്യോത്സവിന്റെ ഭാഗമാകും. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ് , സ്റ്റേജിതര മത്സരങ്ങള്‍ക്കായി സാഹിത്യോത്സവ് നഗരിയില്‍ നാല് വേദികളാണ് സംവിധാനിച്ചിട്ടുളളത്. സ്പെല്ലിംഗ് ബീ, ട്രാന്‍സ്ലേഷന്‍, തീം സോങ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിംഗ് എന്നിവ ഇത്തവണത്തെ പ്രവാസി സാഹിത്യോത്സവിന് പുതിയ മത്സര ഇനമായുണ്ട്.