തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ കേന്ദ്രസർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും എംടി രമേശ് പറയുന്നത് തന്നെയാണ് സതീശനും പറയുന്നതെന്നും റിയാസ് പറഞ്ഞു.
റിയാസിൻ്റെ വാക്കുകൾ
പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവാസ്തവമായ കാര്യങ്ങൾ എത്ര തവണ പറയുന്നവോ അത്രയും വാസ്തവം ഞങ്ങൾ പറയും. മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞത് മഹാ അപരാധമായി ചിത്രീകരിക്കുകയാണ്. ദേശീയ പാതാ അതോറിറ്റിയേയും കേന്ദ്രത്തിനേയും സതീശൻ സഹായിക്കുകയാണ്. ബിജെപി വക്താവായ എം.ടി രമേശിൻ്റെ വാക്കുകൾ സതീശൻ അതേ വാദം അംഗീകരിക്കുകയാണ്. സതീശൻ കേന്ദ്രത്തിൻ്റെ വാക്കാലത്ത് പിടിക്കുന്നു.
ഞാൻ ഒരു മഹാൻ എന്ന നിലയിലാണ് സതീശൻ്റെ പെരുമാറ്റം. പ്രതിപക്ഷ നേതാവ് വ്യക്തിപരമായി വിമർശനങ്ങൾ നടത്തുന്നുണ്ട്. സാമൂഹിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരു കൊതുകുകടി പോലും കൊള്ളാത്ത ആളാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിൻ്റെ സങ്കുചിത മനസിൻ്റെ കുഴി ആദ്യം അടയ്ക്കണം.
ദേശീയ പാതാ വികസനവും പരിപാലനവും ദേശീയപാതാ അതോറിറ്റിക്കും കരാറുകാര്‍ക്രും പറ്റുന്നില്ലെങ്കിൽ അത് പൊതുമരാമത്ത് വകുപ്പേറ്റെടുക്കാം. അടിയന്തര അറകുറ്റപ്പണി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും നടപ്പാക്കാം. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണി പരമാവധി വേഗത്തിൽ നടക്കുന്നുണ്ട്. എന്നാൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് മഴ ഒരു തടസ്സമാണ്. റോഡുകളുടെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ടാണ് ശാശ്വത പരിഹാരം. സംസ്ഥാനത്തെ റോഡുകളിൽ ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന ഉത്തരവ് നടപ്പാക്കും.
12,332 കിലോമീറ്റർ റോഡുകൾ റണ്ണിംഗ് കോൺട്രാക്ട് വഴി അറ്റകുറ്റപ്പണി നടത്താം. തെറ്റായ പ്രവണതകൾ നടത്തുന്ന കോൺട്രാക്ടർമാരുമായി സന്ധിയില്ല. എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾ വൈകാൻ കാരണം പെരുമാറ്റച്ചട്ടമാണ്. എല്ലാ വർഷത്തേതും പോലെ പ്രീ മൺസൂൺ പ്രവർത്തനങ്ങൾ ഇത്തവണയും നടന്നിട്ടുണ്ട്. പ്രീ മൻസൂൺ ടെൻഡർ നടപടി വൈകിയിട്ടില്ല.
സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണി വൈകിയതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മറ്റ് റോഡുകളുടെ മോശം അവസ്ഥയ്ക്ക് പൊതുമരാമത്ത് വകുപ്പിലെ ഭിന്നതയാണ് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു. മഴക്കാലപൂർവ്വ അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നും കാര്യങ്ങളിൽ പരിചയ കുറവ് ഉണ്ടെങ്കിൽ മുൻമന്ത്രി ജി സുധാകരനെ കണ്ട് മുഹമ്മദ് റിയാസ് ഉപദേശം തേടണമെന്നും വി ഡി സതീശൻ പരിഹസിച്ചു.
അതേസമയം എറണാകുളം നെടുന്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തു. ഹാഷിമിന്‍റെ അപകടമരണത്തിന് വഴിയൊരുക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് കേസ്. ദേശീയപാത അതോറിറ്റിയുമായി റോഡ് അറ്റകുറ്റപ്പണിയ്ക്ക് ഇവർക്ക് 18 വർഷത്തെ കരാറുണ്ട്. എന്നാൽ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ ഇവർക്ക് വീഴ്ച സംഭവിച്ചു. മനപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പാണിത്.