പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ജനതാദൾ (യു) മന്ത്രിമാരെയും അനുകരിച്ച് പ്രതിവാര ജനതാ ദർബാർ പരിപാടി ആരംഭിച്ച് ആർജെഡി മന്ത്രിമാരും. മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ചകളിൽ പൊതുജനങ്ങളുടെ പരാതികൾ നേരിട്ടു കേൾക്കാനായി ജനതാ ദർബാർ നടത്തുന്നുണ്ട്. ജനതാദൾ (യു) മന്ത്രിമാർ പാർട്ടി ഓഫിസിലും ഇതേ രീതിയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തുന്നു.
ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ നിർദേശമനുസരിച്ച് എല്ലാ ചൊവ്വാഴ്ചകളിലും ആർജെഡി ആസ്ഥാനത്ത് പാർട്ടിയുടെ മന്ത്രിമാർ പൊതുജനങ്ങളിൽനിന്നു പരാതികൾ കേട്ടു നടപടികളെടുക്കും. ആർജെഡിയുടെ പ്രാദേശിക നേതാക്കൾക്ക് ഒപ്പമാണു പരാതിക്കാർ പാർട്ടി ആസ്ഥാനത്ത് വരേണ്ടതെന്നാണ് നിർദേശം. ബിഹാറിലെ എൻഡിഎ മന്ത്രിസഭയുടെ അവസാനകാലത്ത് ബിജെപി ഓഫിസിലും ഇതേ രീതിയിൽ ജനതാ ദർബാറുകൾ സംഘടിപ്പിച്ചിരുന്നു.