കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സഖ്യത്തിനെതിരെ രൂപീകരിച്ച ഇന്ത്യാ സഖ്യത്തിലേക്ക് പ്രതിനിധിയെ അയയ്ക്കേണ്ടതില്ലെന്ന സിപിഎം തീരുമാനം വഞ്ചനാപരമാണെന്ന് ആർഎംപി സംസ്ഥാന കമ്മിറ്റി. ദേശീയതലത്തിൽ ജനാധിപത്യ മത നിരപേക്ഷ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമ്പോൾ അതിൽനിന്നു മാറി നിൽക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേരളത്തിലും കേന്ദ്രത്തിലും പ്രവർത്തിക്കുന്ന ചില സിപിഎം നേതാക്കളുടെ സാമ്പത്തിക തട്ടിപ്പുകൾ തെളിയിക്കാൻ ഇഡി ശ്രമിക്കുന്നതിനിടയിലാണ് ഈ തീരുമാനമെന്നതു ശ്രദ്ധേയമാണ്.
ലാവ്‌ലിൻ അഴിമതിക്കേസ്, സ്വർണക്കള്ളക്കടത്തു കേസ്, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, ന്യൂസ് ക്ലിക്ക് പോർട്ടലിനു വേണ്ടി വിദേശഫണ്ട് സമാഹരിച്ച കേസ് തുടങ്ങിയ പലതിലും പിബി അംഗങ്ങൾക്കുപിറകെ ഇഡിയുണ്ട്. ഈ കേസുകളെ ഭയന്ന് ബിജെപിക്ക് വഴങ്ങുന്ന സമീപനമാണ് സിപിഎം പിബി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസിനെതിരെ ബിജെപിയുമായി സഹകരിക്കുന്ന നിലപാടിലാണ് പിണറായി വിജയൻ. സിപിഎം ഫാഷിസ്റ്റ് വിരുദ്ധ പോരാളികളാണെന്ന മുഖം മൂടി ഇതോടെ അഴിഞ്ഞു വീണെന്നും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.