തൃശൂര്‍ : ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥയാണ് വാഹനാപകടങ്ങള്‍ പെരുകുന്നതിനിടയാക്കുന്നത്. നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബൈപ്പാസ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലും അപകടം ഉണ്ടായി. ബൈപ്പാസ് റോഡിലെ കുഴിയില്‍ വീണാണ് യുവാവിന് ഗുരുതര പരുക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊരുമ്പിശേരി സ്വദേശി ഐനിക്കല്‍ മഹേഷ് (45) സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിയുകയും മഹേഷിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. നാട്ടുകാര്‍ യുവാവിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലുകള്‍ക്കും തോളിനും കൈയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും അടക്കം പരി ക്കേറ്റ മഹേഷ് ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇരിങ്ങാലക്കുട നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മിച്ച ബൈപ്പാസ് റോഡ് അപകടകെണിയാകുകയാണ്. ബൈപ്പാസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത് 10 വര്‍ഷം മുൻപാണ്.
റോഡിന്റെ പലഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇരുവശങ്ങളിലും കാന നിര്‍മിക്കുകയോ നടപ്പാതകള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല. നഗരസഭ ഇവിടെ സ്ഥാപിച്ചിരുന്ന സോളാര്‍ വഴിവിളക്കുകള്‍ സാമൂഹിക വിരുദ്ധര്‍ മോഷ്ടിച്ചു. പിന്നീട് സ്ഥാപിച്ച വഴിവിളക്കുകള്‍ പേരിന് മാത്രം പ്രകാശിക്കുന്നതിനാല്‍ പല ഭാഗങ്ങളും രാത്രിയില്‍ ഇരുട്ടിലാണ്. ഇതോടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഇവിടെ തള്ളുന്നതും പതിവാണ്. മഴ പെയ്താല്‍ റോഡിലെ കുഴിയുടെ ആഴം അറിയാതെ പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണ്. ബൈപ്പാസ് ആരംഭിക്കുന്ന തൃശൂര്‍ റോഡ് മുതല്‍ ആദ്യ ജംഗ്ഷന്‍ വരെയുള്ള ഒരു വശത്ത് കാന നിര്‍മിച്ച് ഇതിന് മുകളില്‍ ടൈല്‍ വിരിച്ച് നടപ്പാത ഒരുക്കിയെങ്കിലും കാനയുടെ ഉയരവ്യത്യാസം റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഠാണാ ബസ് സ്റ്റാന്‍ഡ് റോഡിലെ തിരക്കില്‍പ്പെടാതെ കാട്ടൂര്‍, ചെമ്മണ്ട കിഴുത്താണി, പൊറത്തിശേരി ഭാഗങ്ങളിലേക്ക് എളുപ്പമെത്താന്‍ വാഹന യാത്രികര്‍ ആശ്രയിക്കുന്ന ബൈപ്പാസ് റോഡിലെ അപകട കുഴികള്‍ നികത്താന്‍ ടാറിങ് നടത്തുകയോ ടൈല്‍ വിരിച്ച് ഉയരം കൂട്ടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.