തൃശൂർ : ഒരു മാസം മുമ്പ് അറ്റകുറ്റപണി ചെയ്ത തൃശ്ശൂർ ശക്തൻ നഗറിലെ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. കോർപറേഷൻ പരിധിയിൽ വരുന്ന റോഡിലെ കുഴിയിൽ വീണ് അപകടം പതിവായതോടെ നാട്ടുകാരും രോഷത്തിലാണ്. റോഡ് നിറയെ കുഴി , ഇരുട്ട് . വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും അപകടം വരാം. ഇങ്ങനെയാണ് സാംസണ് അപകടം പറ്റിയത്. കുഴികൾ നിറഞ്ഞ വഴിയിൽ ഇരുട്ട് വീണതോടെ വാഹനം കുഴിയിൽ വീണ് സാംസണ് പരിക്കേറ്റു . വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് . തിരുവനന്തപുരത്തേക്ക് പോകാനുള്ള ട്രെയിൻ പിടിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു സാംസണ്‍.
പ്രതിഷേധത്തെ തുടർന്ന് ഒരു മാസം മുമ്പ് അടച്ച കുഴികളാണ് ഇപ്പോൾ വീണ്ടും തെളിഞ്ഞത് . പ്രതിഷേധം ഉയർന്നപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ആയിരുന്നു അറ്റകുറ്റപ്പണി എന്നാണ് നാട്ടുകാരുടെ പരാതി. ഉത്തരവാദിത്തപ്പെട്ട തൃശ്ശൂർ കോർപറേഷനാകട്ടെ ഇങ്ങോട്ടേക്ക് ഉള്ള വഴി പോലും മറന്ന മട്ടാണ്.
ശക്തൻ മാർക്കറ്റിന് സമീപത്ത് മാത്രമല്ല. തൃശ്ശൂർ നഗരത്തിലെ മിക്ക റോഡുകളും വീണ്ടും പൊട്ടി പൊളിഞ്ഞ അവസ്ഥയാണ്. വിമർശനം വരുമ്പോൾ കണ്ണിൽ പൊടിയിടുന്ന പോലെയാണ് റോഡിൽ ടാറിടുന്നത്. ഒന്ന് തണുക്കുമ്പോൾ രണ്ടും ഒരേപോലെ ഒലിച്ചുപോകും.