കോഴിക്കോട്: കോഴിക്കോട് നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. ഈ മാസം നാലാം തീയതിയാണ് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷണം പോയത്. നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്റെ കാറാണ് മോഷണം പോയത്. പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ ഉടമ കാറിന്റെ താക്കോല്‍ എടുക്കാന്‍ മറന്നിരുന്നു. പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതിയെ കുറിച്ചുള്ള ഏകദേശ സൂചന പോലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് ആര്.സി മാറ്റുന്നതിനിടെ ഒ.ടി.പിക്കായി യഥാര്‍ത്ഥ ഉടമസ്ഥന് ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും വിളി വരുന്നത്. വിവരമറിഞ്ഞ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആര്.സി മാറ്റാന്‍ വന്നവരെ കാണുകയും ചെയ്തു. അവര്‍ നാലു ദിവസം മുമ്പ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടര്‍ന്ന് അവരൊടൊപ്പം മോഷണം നടത്തിയ ഷറഫുദീന്റെ വീട്ടിലെത്തി പ്രതിയെ പൊക്കുകയായിരുന്നു.