സൂറിച്ച് : ടെന്നിസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു. ലേവര്‍ കപ്പ് ടെന്നിസില്‍ കളിക്കുമെന്ന് ഇരുവരും വാര്‍ത്താക്കുറിപ്പിലുടെ വ്യക്തമാക്കി. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ ലണ്ടനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ടീം യൂറോപ്പിന് വേണ്ടിയാണ് ഇരുവരും കളിക്കുക. 2017ലെ പ്രഥമ ലേവര്‍ കപ്പില്‍ ഇരുവരും ഡബിള്‍സ് സഖ്യമായി മത്സരിച്ചിരുന്നു. ലേവര്‍ കപ്പ് ഡബിള്‍സില്‍ വീണ്ടും കളിക്കണമെന്ന ആഗ്രഹം സ്വിസ് താരമായ ഫെഡറര്‍ അറിയിച്ചെന്ന് സ്പാനിഷ് താരമായ നദാല്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇരുവരും കഴിഞ്ഞ വര്‍ഷത്തെ ലേവര്‍ കപ്പില്‍ കളിച്ചിരുന്നില്ല. 40കാരനായ ഫെഡറര്‍ ജൂലൈയിലെ വിംബിള്‍ഡണില്‍ തോറ്റതിന് ശേഷം കളിച്ചിട്ടില്ല. കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു ഫെഡറര്‍.
എന്നാല്‍ പരീശീലനം ആരംഭിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് ഫെഡറര്‍. അടുത്ത വിംബിള്‍ഡണില്‍ കളിച്ചേക്കും. നദാല്‍ അടുത്തിടെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടമായിരുന്നു നദാലിന്റേത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡും നദാലിന്റെ പേരിലായി. ഫെഡററേയും സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനേയുമാണ് നദാല്‍ മറികടന്നത്. ഇരുവര്‍ക്കും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണുള്ളത്. റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരില്‍ മറികടന്നാണ് നദാണ് മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടമുയര്‍ത്തിയത്.