മുംബൈ: ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം. തങ്ക ഹൃദയമുള്ള മനുഷ്യനെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടാറ്റയെ അനുസ്മരിച്ചത്. തന്‍റെ ജീവിതം പോലെ മറ്റുള്ളവർക്കും മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാന്‍ പ്രയത്നിച്ച വ്യക്തിയെന്ന നിലയില്‍ താങ്കള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് രോഹിത് എക്സ് പോസ്റ്റില്‍ കുറിച്ചു.
താങ്കളുടെ മഹത്വം താങ്കളുണ്ടാക്കിയ സ്ഥാപനങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും എക്കാലത്തും ജ്വലിച്ചു നില്‍ക്കുമെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുറിച്ചു.
ഒരു യുഗാന്ത്യം എന്നായിരുന്നു ഇന്ത്യൻ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എക്സില്‍ കുറിച്ചത്. ദയയെന്ന വാക്കിന്‍റെ പാരമ്യം. പ്രചോദനത്തിന്‍റെ ആള്‍രൂപം, നിങ്ങള്‍ ഒരുപാട് ആളുകളുടെ ഹൃദയം തൊട്ടു. താങ്കളുടെ ജീവിതം തന്നെ രാജ്യത്തിന് അനുഹ്രഹമായി. താങ്കളുടെ ഒരിക്കലും അവസാനിക്കാത്ത നിരുപാധിക സേവനത്തിന് നന്ദി. നിങ്ങളുടെ പേര് ഈ ലോകത്ത് എന്നും ഓര്‍മിക്കപ്പെടുമെന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.
രത്തന്‍ ടാറ്റയുമായുള്ള സംഭാഷണം ഒരിക്കലും മറക്കില്ലെന്നും രാജ്യത്തിന് മുഴുവന്‍ പ്രചോദനമായിരുന്ന ദാര്‍ശനികനായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും നീരജ് ചോപ്ര പറഞ്ഞു.
ആത്മാര്‍ത്ഥത, ദര്‍ശനം, ക്ലാസ്, ആഢ്യത്വം, വിനയം അങ്ങനെ ഒരു പ്രധാന വ്യക്തിയില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാം ഒത്തുചേര്‍ന്നൊരാള്‍, മഹാനായ ഇന്ത്യക്കാരന്‍ എന്നായിരുന്നു ക്രിക്കറ്റ് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ കുറിച്ചത്.
താങ്കളുടെ ജീവിതം തന്നെ രാജ്യത്തിന്‍റെ പുരോഗതിക്കായാണ് സമര്‍പ്പിച്ചത്, താങ്കളുടെ വിനയവും ദര്‍ശനവും അനുകമ്പയുമെല്ലാം എക്കാലത്തും ഞങ്ങളെ പ്രചോദിപ്പിക്കും എന്നായിരുന്നു മുഹമ്മദ് ഷമി പറഞ്ഞത്.
ഇന്ത്യക്ക് യഥാര്‍ത്ഥ ഐക്കണെ നഷ്ടമായെന്ന് സുരേഷ് റെയ്ന പറഞ്ഞു. രത്തന്‍ ടാറ്റ എക്കാലവും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.