ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ഉൾപ്പടെ കടൽക്ഷോഭം ശക്തം. തെക്കൻ കേരള തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെയാണ് കടൽക്ഷോഭം ശക്തമായത്. ആലപ്പുഴയിൽ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. നിരവധി വീടുകൾ തകർച്ചാഭീഷണിയിലാണ്. കോടികൾ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. അതിനിടെ തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമാണ്. അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി. കൂടാതെ കൊല്ലത്തും കൊടുങ്ങല്ലൂരിലും കടലേറ്റമുണ്ടായി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തുമാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.