തൃശൂർ: സൈബർ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഓഫിസുകളിലെ കമ്പ്യൂട്ടർ -ഇന്റർനെറ്റ് ഉപയോഗത്തിലെ നിയന്ത്രണം സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മാർഗനിർദേശമിറക്കി. ഇ-ഓഫിസ് സംവിധാനം വ്യാപകമായി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ നാഷനൽ ഇൻഫർമാറ്റിക് സെന്റർ തയാറാക്കിയതാണ് മാർഗരേഖ.
ഔദ്യോഗികമായവ ഒഴിച്ചുള്ള അനാവശ്യ ടൂളുകളും ആപ്പുകളും കമ്പ്യൂട്ടറിൽനിന്ന് ഒഴിവാക്കണം. ലൈസൻസുള്ള സോഫ്റ്റ്വെയറുകൾ മാത്രമേ ഉപയോഗിക്കാവൂ. സർക്കാറിതര ക്ലൗഡ് സർവിസ് അപ്ലോഡ് ചെയ്യാൻ പാടില്ല. പൈറേറ്റഡ് (അനധികൃത) സോഫ്റ്റ്വെയറുകൾ ഉപയോഗിക്കരുത്. പുറത്തുനിന്നുള്ളവരുടെ യു.എസ്.ബി സ്വീകരിക്കേണ്ടതില്ല. സൈബർ സുരക്ഷക്കായി പാസ്വേഡുകൾ 45 ദിവസത്തിലൊരിക്കൽ മാറ്റണം.
അനധികൃതമായ വിഡിയോ കോൺഫറൻസിങ് ടൂളുകൾ ഉപയോഗിക്കാൻ പാടില്ല. ‘റൂട്ടിങ്ങി’ലൂടെ അനധികൃത സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കാൻ പാടില്ല. മൊബൈൽ സ്കാനർ സേവനങ്ങൾ ഓഫിസ് ആവശ്യത്തിന് ഉപയോഗിക്കരുത്. എനി ഡെസ്ക്, ടീം വ്യൂവർ പോലുള്ള ദൂരസ്ഥലങ്ങളിലിരുന്ന് നിയന്ത്രിക്കാവുന്ന ടൂളുകൾ ഒഴിവാക്കുക. പുറത്തുനിന്നുള്ളവരുടെ യു.എസ്.ബി കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കരുത്. പരിചയമില്ലാത്ത ഐഡികളിൽനിന്ന് അയച്ചുകിട്ടുന്ന ലിങ്കുകളിൽ പ്രവേശിക്കരുത്. ഡിസ്കൗണ്ടുകളും ഓഫറുകളും സംബന്ധിച്ച ലിങ്കുകളും ഷെയർ ചെയ്യരുത്.
പാസ്വേഡ് മറ്റുള്ളവർക്ക് കൈമാറാൻ പാടില്ല. ജി.പി.എസ്, ബ്ലൂ ടൂത്ത് എന്നിവ പരമാവധി പ്രവർത്തിപ്പിക്കാതിരിക്കുക. അനാവശ്യമായ ഡൗൺലോഡുകൾ ഉപേക്ഷിക്കുക. ലൈസൻസുള്ള ഡൗൺലോഡ് ആപ്പുകൾ ഉപയോഗിക്കുക. ഇന്റർനെറ്റ് ഉപയോഗത്തിൽ പ്രിന്ററുമായുള്ള ബന്ധം വിച്ഛേദിക്കണം. സിസ്റ്റം ഡ്രൈവിൽ സ്വന്തം ഫയലുകൾ സൂക്ഷിക്കാൻ പാടില്ല. ഓഫിസിൽനിന്ന് പുറത്തുപോവുമ്പോൾ സിസ്റ്റം ലോഗ് ഓഫ് ചെയ്യുകയോ ലോക്ക് ചെയ്യുകയോ വേണം. പ്രതികരണം പെട്ടെന്നുണ്ടായേക്കാവുന്ന സാഹചര്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധവേണമെന്നും മാർഗരേഖയിൽ ഓർമിപ്പിക്കുന്നു.