കൊച്ചി : കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അന്വേഷണം നേടിരുന്ന നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്‌സോ കേസ്. ഒന്നര ആഴ്ച്ച മുന്‍പാണ് ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും ഫോര്‍ട്ടു കൊച്ചി പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് റോയ് പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ട് പോവാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാല്‍ ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു.
നേരത്തേ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. അതിന് പുറമേയാണ് ഇപ്പോള്‍ പോക്‌സോ കേസ് കൂടി വരുന്നത്. മോഡലുകളുടെ മരണത്തില്‍ നരഹത്യക്കും തെളിവ് നശിപ്പിച്ചതിനുമടക്കമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മോഡലുകള്‍ പങ്കെടുത്ത ഡി.ജെ.പാര്‍ട്ടിയുടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നാണ് റോയ് അന്ന് മൊഴി നല്‍കിയത്. റോയിയുടെ നിര്‍ദേശ പ്രകാരം ഡി.ജെ.പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്ക് കായലില്‍ എറിഞ്ഞെന്ന് ജീവനക്കാരും മൊഴി നല്‍കിയിരുന്നു.