കൊച്ചി : നഗരത്തില്‍ സ്വകാര്യ ബസുകളുടെ അമിത വേഗമടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ പിഴയായി 1.31 കോടി രൂപ ഈടാക്കി. ട്രാഫിക് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. മുഹമ്മദ് നിസാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 1.24 ലക്ഷം പെറ്റിക്കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ബാനര്‍ജി റോഡില്‍ 18 വയസ്സുകാരന്റെ മരണത്തിനിടയായ അപകടത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ശക്തി കുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ ഓടിക്കുമ്പോഴും ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം ആവശ്യമാണ്. നേരത്തേ മേനക ജംഗ്ഷനില്‍ അപകടത്തിനിരയായി സ്ത്രീ മരിക്കാനിടയായ ബസ് ഓടിച്ചിരുന്ന പള്ളുരുത്തി സ്വദേശി പി.ജെ. അനൂപ് ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്നു.
ഇയാള്‍ക്കെതിരേ കാപ്പ ചുമത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ചെങ്കിലും യൂണിയനുകളുടെ എതിര്‍പ്പുകാരണം ഇതുവരെ നടപ്പാക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണം. നഗരത്തിലെ സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ ആര്‍ടിഒയ്ക്ക് കത്ത് നല്‍കിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഗതാഗത നിയമലംഘനം പിടികൂടാന്‍ ക്യാമറ നിരീക്ഷണ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.