മുംബൈ: ഓഹരി വിപണിയിൽ വീണ്ടും ഗൗതം അദാനിക്ക് തിരിച്ച,ടി. കമ്പനികളുടെ ഓഹരികൾക്ക് വൻ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. അദാനിയുടെ മുഴുവൻ ഓഹരികൾക്കും ഇന്ന് നഷ്ടം നേരിട്ടു. അദാനി എന്റർപ്രൈസ് 7.06 ശതമാനമാണ് ഇടിഞ്ഞത്.
അദാനി പോർട്സ് 5.66 ശതമാനം, അദാനി പവർ അഞ്ച് ശതമാനം, അദാനി ട്രാൻസ്മിഷൻ അഞ്ച് ശതമാനം, അദാനി ഗ്രീൻ എനർജി അഞ്ച് ശതമാനം, അദാനി ടോട്ടൽ ഗ്യാസ് അഞ്ച് ശതമാനം, അദാനി വിൽമർ 4.9 ശതമാനം എന്നിങ്ങനെയാണ് ഓഹരി വില ഇടിഞ്ഞത്. എൻ.ഡി.ടി.വിക്ക് 4.99 ശതമാനവും എ.സി.സിക്ക് 4.22 ശതമാനവും. അംബുജ സിമന്റിന്റെ ഓഹരി വില 2.91 ശതമാനം ഇടിഞ്ഞു.
ഒറ്റ ദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 50,170 കോടി കുറഞ്ഞു. 9.39 ലക്ഷത്തിൽ നിന്നും 8.89 ലക്ഷമായാണ് വിപണിമൂല്യം കുറഞ്ഞത്. അദാനിയുടെ പല ഓഹരികളും ലോവർ സർക്യൂട്ട് ഭേദിച്ചത് തിരിച്ചടിയായിട്ടുണ്ട്. നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് എൻ.എസ്.ഇയും ബി.എസ്.ഇയും അദാനിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഓഹരികൾക്ക് തിരിച്ചടി നേരിട്ടത്.