പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ് ഒരാള്‍ കൂടി പിടിയിലായി. 22 ആം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്സൽ ആണ് പിടിയിലായത്. എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. പൊള്ളാച്ചിയിൽ ഭാര്യ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ഇതോടെ കേസിൽ പ്രതികളായ 22 പേരും അറസ്റ്റിലായി. കേസിലെ ഗൂഡാലോചനയില്‍ പങ്കാളിയായ ആളാണ് ഷെയ്ഖ് അഫ്സല്‍ എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
2022 നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിലെ മുഖ്യ സൂത്രധാരനായ ആലത്തൂർ സർക്കാർ എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റുമായിരുന്ന ബാവ മാസ്റ്ററെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരത്തെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഡാലോചനയില്‍ പങ്കാളികളായവരായ മുഴുവൻ പേരെയും പിടികൂടാനായിരുന്നില്ല.