ദില്ലി: ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ്. വെറുപ്പോടെയാണ് യാത്ര നടത്തുന്നതെങ്കിൽ രാഷ്ട്രീയ നാടകമാണ് ജോഡോ യാത്രയെന്ന് ആർഎസ്എസ് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ പ്രതികരിച്ചു. കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ആർഎസ്എസിനെ ഇല്ലാതാക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കി നിക്കർ കത്തിക്കുന്ന പോസ്റ്റർ വിവാദത്തിലാണ് ആർഎസ്എസിന്റെ പ്രതികരണം. രണ്ട് തവണ കാരണമില്ലാതെ ആർഎസ്എസ് നിരോധനമുണ്ടായിട്ടും സംഘടന വളർന്നു. സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും വൈദ്യ പറഞ്ഞു.
ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയെ ചൊല്ലി നവമാധ്യമങ്ങളിൽ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കൊമ്പു കോർക്കുമ്പോഴായിരുന്നു കേരള പര്യടനത്തിലെ രണ്ടാം ദിവസത്തെ സമാപനയോഗത്തിലെ രാഹുൽ ഗാന്ധിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെ ‘മുണ്ട് മോദി’യെന്ന് കോൺഗ്രസ് പരിഹസരിച്ചു. അതിനിടെ, സമരത്തിന് പിന്തുണ തേടി വിഴിഞ്ഞം സമര നേതാക്കൾ ജോഡോ യാത്രയ്ക്കിടെ രാഹുലിനെ കണ്ടു.
ഭാരത് ജോഡോയുടെ ആറാം ദിനം സമൂഹ മാധ്യമങ്ങളിൽ ചൂടൻ വാഗ്‍വാദങ്ങള്‍ ഉയരുമ്പോഴാണ് സിപിഎമ്മിനെ വിമർശിക്കാതെ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്. 18 ദിവസം കേരളത്തിലും രണ്ട് ദിവസം മാത്രം യുപിയിലും പദയാത്ര നടത്തുന്ന രാഹുലിനെ സിപിഎം കേന്ദ്ര നേതൃത്വം വിമർശിച്ചിരുന്നു. സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സിപിഎം വിമർശനം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സിപിഎം പരിഹസിച്ചു. ‘മുണ്ട് മോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎം എന്ന് പറഞ്ഞായിരുന്നു മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് തിരിച്ചടിച്ചത്.