ദില്ലി: അഖിലേന്ത്യാ ഇമാം ഓർഗനൈസേഷൻ പ്രസിഡന്‍റുമായി ദില്ലിയിലെ മസ്ജിദില്‍ വച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഫലമാണെന്ന് കോൺഗ്രസ്. രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം ആർഎസ്എസ് തലവന്‍ നടക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് നിര്‍ദേശിച്ചു. മുസ്‌ലിം നേതാക്കളുമായി മുന്‍പ് ഇല്ലാത്തവിധം ചർച്ചകൾ നടത്തുന്ന ആർഎസ്‌എസ് മേധാവി വ്യാഴാഴ്ച ദില്ലിയെ കസ്തൂര്‍ബ മാര്‍ഗിലെ പള്ളിയും മദ്രസയും സന്ദർശിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ മുഖ്യ പുരോഹിതൻ ഡോ. ഉമർ അഹമ്മദ് ഇല്യാസിയെ സന്ദർശിച്ചിരുന്നു.
ഭഗവത് ആദ്യമായി ഒരു മദ്രസ സന്ദർശിച്ചതിൽ നിന്ന് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയുടെ ഫലങ്ങൾ വ്യക്തമാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. “ഭാരത് ജോഡോ യാത്ര ആരംഭിച്ച് 15 ദിവസമേ ആയിട്ടുള്ളൂ, ഫലം വന്നു തുടങ്ങി, ബിജെപി വക്താവ് ടിവി ചര്‍ച്ചയില്‍ ഗോഡ്‌സെ മുർദാബാദ് എന്ന് പറഞ്ഞു. മോഹൻ ഭഗവത് മറ്റൊരു മതത്തിൽപ്പെട്ട ഒരാളുടെ വീട്ടിൽ പോയി. അതാണ് ഭാരത് ജോഡോ യാത്രയുടെ ഫലം വല്ലഭ് പറഞ്ഞു.
ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോഴേക്കും ഭരിക്കുന്ന ഭരണകൂടം സൃഷ്ടിച്ച വിദ്വേഷവും ഭിന്നിപ്പും രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ 15 ദിവസത്തെ യാത്ര നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരു മണിക്കൂർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധിക്കൊപ്പം കൈയിൽ ത്രിവർണ്ണ പതാകയുമായി നടക്കണമെന്ന് ഞങ്ങൾ മോഹൻ ഭാഗവതിനോട് അഭ്യർത്ഥിക്കുന്നു, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കോൺഗ്രസ് നേതാവ് പവൻ ഖേരയും ഇത്തരത്തില്‍ തന്നെ ട്വീറ്റ് ചെയ്തു, ” ഭാരത് ജോഡോ യാത്ര ആരംഭിച്ച് 15 ദിവസമേ ആയിട്ടുള്ളൂ, ബിജെപി വക്താവ് “ഗോഡ്‌സെ മുർദാബാദ്” എന്ന് പറയാൻ തുടങ്ങി, മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിദ്വേഷത്തിൽ മന്ത്രിമാർ ആശങ്കാകുലരാകുകയും ഭഗവത് ഇമാമുമാരെ കാണാന്‍ തുടങ്ങി. അടുത്തതായി എന്ത് സംഭവിക്കുമെന്ന് നോക്കാം. ”കഴിഞ്ഞ ദിവസം ദില്ലിയിലെ കസ്തൂർബ ഗാന്ധി മാർഗിലെ ഒരു പള്ളി സന്ദർശിച്ച ശേഷം, ഭഗവത് പഴയ ദില്ലിയിലെ ആസാദ് മാർക്കറ്റ് മദ്രസ തജ്വീദുൽ ഖുറാനിലുമെത്തി. അവിടെയുള്ള കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു.