തലശേരി: കെ ഹരിദാസൻ വധക്കേസ് പ്രതിയായ ആർഎസ്‌എസ് നേതാവ് നിജിൽദാസ് കുടുങ്ങിയത് സൈബർസെല്ലിന്റെ നിരീക്ഷണത്തിൽ. ഭാര്യയോടും താമസിക്കാൻ വീട് നൽകിയ അധ്യാപിക രേഷ്‌മയോടും ഇടയ്‌ക്കിടെ നടത്തിയ ഫോൺസംസാരത്തിലാണ് ടവർ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയെ ചൊദ്യംചെയ്‌തപ്പോൾ മൊബൈൽഫോൺ വിളിയുടെയും താമസിക്കുന്ന സ്ഥലത്തിന്റെയും കൃത്യമായ വിവരം ലഭിച്ചു.
പിണറായി പുത്തങ്കണ്ടത്താണ് ഒളിയിടമെന്നാണ് പൊലീസ് ആദ്യം ധരിച്ചത്. പിന്നീടാണ് പാണ്ട്യാലമുക്കിലെ വീടാണെന്ന് തിരിച്ചറിഞ്ഞത്. ഏതാനും ദിവസമായി ഇവിടെ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ഭക്ഷണമെത്തിക്കുന്നതടക്കം ഓരോ നീക്കവും പൊലീസ് സൂക്ഷ്‌മമായി പരിശോധിച്ചു. അതീവരഹസ്യമായാണ് വെള്ളിയാഴ്‌ച പുലർച്ചെ ന്യൂമാഹി, പിണറായി പൊലീസുകാർ വീടുവളഞ്ഞ് പരിശോധിച്ചത്.ആർഎസ്‌എസ്സിന്റെ തലശേരി താലൂക്കിലെ 20 ശാഖകളുടെ ചുമതലയുള്ള ഖണ്ഡ് പ്രമുഖാണ് പിടിയിലായ നിജിൽദാസ്. കൊലപാതക ഗൂഢാലോചനയിൽ നിർണായക പങ്കാണ് ഇയാൾക്കുള്ളത്. ഒന്നാംപ്രതിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷിന്റെ ഏറ്റവും വിശ്വസ്‌തനാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകം നടന്നയുടൻ ഒളിവിൽ പോയി.
മൊബൈൽഫോൺ സന്ദേശം കൈമാറിയപ്പോഴുള്ള പിഴവാണ് മണ്ഡലം പ്രസിഡന്റ് കെ ലിജേഷിനെ ആദ്യമേ കുടുക്കിയത്. മൊബൈൽഫോൺ വിളിയാണ് ആർഎസ്‌എസ് നേതാവിനെയും കുടുക്കിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷും മണ്ഡലം സെക്രട്ടറി മൾട്ടിപ്രജിയും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. ചോദ്യംചെയ്യലിനിടെ ക്യാമറക്കുമുന്നിൽ കരഞ്ഞുകൊണ്ടാണ് ലിജേഷ് കുറ്റം ഏറ്റുപറഞ്ഞത്. മറ്റുള്ളവരുടെ പങ്കാളിത്തം വെളിപ്പെടുത്തിയതും ലിജേഷാണ്.