പാലക്കാട് : പാലക്കാട് വെട്ടേറ്റ് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്‌കാര ചടങ്ങ്. ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ നടക്കും. തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹം വിലാപയാത്രയായി പാലക്കാട് കണ്ണകി നഗറിലേക്ക് കൊണ്ടുപോകും. കണ്ണകിയമ്മൻ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ത്ത് 2 മണിക്ക് കറുകോടി ശ്മശാനത്തിൽ സംസ്‌കാരം നടക്കും. ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്.
ആറ് പേർ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയിൽ എത്തിയെന്നും മൂന്ന് പേർ കടക്കുള്ളിൽ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പോലീസും പ്രാഥമികമായി കരുതുന്നത്.