ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് മുസ്‍ലിം പള്ളികളിലും ദർഗകളിലും മദ്രസകളിലുമെല്ലാം ‘ശ്രീറാം, ജയ് റാം, ജയ് ജയ് റാം’ എന്ന് 11 തവണ വിളിക്കണമെന്ന് ആർ.എസ്.എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ. ‘രാം മന്ദിർ, രാഷ്ട്ര മന്ദിർ -എ കോമൺ ഹെറിറ്റേജ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇന്ത്യയിലെ ‘ഏകദേശം 99 ശതമാനം’ മുസ്‍ലിംകളും മറ്റ് അഹിന്ദുക്കളും ഈ രാജ്യക്കാരാണ്. നമുക്ക് പൊതുവായ പൂർവീകർ ഉള്ളതിനാൽ അവർ അങ്ങനെ തന്നെ തുടരും. അവർ മതമാണ് മാറിയത്, രാജ്യമല്ല’’ -ഇന്ദ്രേഷ് കുമാർ പറഞ്ഞു.അയോധ്യയിൽ പ്രതിഷ്ഠ സമർപ്പണ ചടങ്ങ് നടക്കുമ്പോൾ ഇസ്‍ലാം, ക്രിസ്ത്യൻ, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളിൽ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാർഥിച്ചുകൊണ്ട് ചടങ്ങിൽ പങ്കാളികളാകാനും ആർ.എസ്.എസ് നേതാവ് ആവശ്യപ്പെട്ടു.
‘നമുക്ക് പൊതുവായ പൂർവീകരും പൊതുവായ മുഖങ്ങളും പൊതുവായ സ്വത്വവും ഉണ്ട്. നാമെല്ലാം ഈ രാജ്യക്കാരാണ്, നമുക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. ദർഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ ‘ശ്രീറാം, ജയ് റാം, ജയ് ജയ് റാം’ എന്ന് 11 പ്രാവശ്യം വിളിക്കണമെന്ന് ഞാൻ ആവർത്തിക്കുന്നു. ശേഷം നിങ്ങൾ നിങ്ങളുടെ ആരാധനാരീതി പിന്തുടരുക’, ആർ.എസ്.എസുമായി ബന്ധമുള്ള മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ഗുരുദ്വാരകളും ക്രിസ്ത്യൻ പള്ളികളുമടക്കമുള്ള എല്ലാ മതകേന്ദ്രങ്ങളും ജനുവരി 22ന് രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് വരെ മനോഹരമായി അലങ്കരിക്കുകയും പ്രതിഷ്ഠാ ചടങ്ങ് പരിപാടി ടെലിവിഷനിൽ കാണുകയും വേണം. ഇന്ത്യയുടെയും ലോകത്തിന്റെയും സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നും എല്ലാ അഹിന്ദുക്കളും ആ സമയത്ത് ദീപം തെളിയിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, ലോകത്തുള്ള എല്ലാവരുടേതുമാണെന്ന മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനയും എടുത്തുപറഞ്ഞു.