വടകര > സാഹിത്യ നിരൂപകനും മടപ്പള്ളി ഗവ. കോളേജ് അധ്യാപകനുമായ കെ വി സജയിന് ആർഎസ്എസ് ഭീഷണി. കഴിഞ്ഞ ദിവസം വൈകീട്ട് വടകര മണിയൂരിൽ പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ഭീഷണിയുണ്ടായത്. മണിയൂർ ജനത ലൈബ്രറിയുടെ പുസ്തകപ്രകാശനശേഷമായിരുന്നു അക്രമഭീഷണി. പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിനെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രസംഗത്തിൽ മുൻപ്രധാനമന്ത്രി നെഹ്റു പുസ്തക വായനക്കാരനായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. രാമായണം മുഴുവനായി അധികാരികൾ വായിച്ചതായി അറിയില്ലെന്നും സൂചിപ്പിക്കയുണ്ടായി. ഇതാകാം ഇവരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നതായി സജയ് പറഞ്ഞു. സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായി നാളെയും വേദികളിൽ ഇതേ അഭിപ്രായം തുടരുമെന്നും സജയ് പറഞ്ഞു.