ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ റബർ പാവയെന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിദ്ദു. ഡൽഹിയിലെ എഎപി നേതൃത്വമാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സിദ്ദു ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. ഒരു മാസത്തിനുള്ളിൽ 40 പേരാണ് കൊല്ലപ്പെട്ടതെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് ഗവർണർ ഭൻവാരിലാൽ പുരോഹിതിനെ സന്ദർശിച്ച സിദ്ദു ക്രമസമാധാന പ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ അറിയിച്ചു. മുൻ എംഎൽഎമാരായ നവ്തേജ് സിങ് ചീമ, അശ്വനി സേഖ്രി എന്നിവരും ഒപ്പമുണ്ടായിരുന്നു. പഞ്ചാബിലെ സ്ഥിഗതികളിൽ ആശങ്കയുണ്ടെന്ന് ഗവർണർ അറിയിച്ചുവെന്ന് സിദ്ദു പറഞ്ഞു.