കോട്ടയം: വനം നശീകരണം തടയാനെന്ന പേരിൽ യൂറോപ്യൻ യൂണിയൻ റബറിന്റെ ഇറക്കുമതി നിയന്ത്രണം കർക്കശമാക്കിയത് ഇന്ത്യയിലെ ഉൽപ്പാദകരെയും കർഷകരെയും സാരമായി ബാധിക്കും. വനംനശിപ്പിക്കാതെ കൃഷിചെയ്‌ത പ്രദേശത്തുനിന്നുള്ള റബർ ഉപയോഗിച്ച് നിർമിച്ച ഉൽപ്പന്നങ്ങൾ മാത്രം സ്വീകരിക്കുക എന്നതാണ് യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട്. ഇതിന് ആധികാരിക രേഖ സമർപ്പിച്ചാൽ മാത്രമേ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യമാകൂ. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി റബറുൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ എഎൻആർപിസി യൂറോപ്യൻ യൂണിയനെ സമീപിച്ചിരുന്നു. നിയന്ത്രണം ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി അനുകൂലമല്ല.
യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്ന തരത്തിലുള്ള രേഖ നൽകുന്ന സമ്പ്രദായം ഇന്ത്യയിലില്ല. എന്നാൽ, ഭാവിയിൽ യൂറോപ്യൻ യൂണിയന്റെ പാത മറ്റ് രാജ്യങ്ങളും സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ റബറിന് “സസ്‌റ്റൈനബിൾ റബർ’ സർട്ടിഫിക്കേഷൻ നൽകുന്നതിനെക്കുറിച്ച് റബർ ബോർഡ് ആലോചിക്കുന്നുണ്ട്. ഇത് കർഷകർക്ക് വലിയ പ്രയാസമുണ്ടാക്കിയേക്കും. കൃഷിയുടെ കാലപ്പഴക്കം, കൃഷിഭൂമിയുടെ മുൻ അവസ്ഥ തുടങ്ങി നിരവധി കാര്യങ്ങൾ സർട്ടിഫിക്കേഷന് വേണ്ടി പരിഗണിക്കേണ്ടി വരും. ഇപ്പോഴേ വിലത്തകർച്ച മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് പുതിയ ചട്ടങ്ങൾ അധികബാധ്യതയാകും. യൂറോപ്യൻ യൂണിയന്റെ നിലപാടിന്റെ തിക്തഫലം ഏറ്റവുമധികം ബാധിക്കുക ചെറുകിട കർഷകരെ ആയിരിക്കുമെന്ന് ഇന്ത്യ അധ്യക്ഷസ്ഥാനം വഹിക്കുന്ന എഎൻആർപിസി ചൂണ്ടിക്കാട്ടുന്നു.