ന്യൂഡൽഹി: 75 വയസ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്ന അരവിന്ദ് കെജ്രിവാളിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ. പാർട്ടിയുടെ ഒരു ഫോറത്തിലും ചർച്ച ചെയ്യാതെയാണ് ബി.ജെ.പിയിൽ 75 വയസ് പ്രായപരിധി നടപ്പാക്കിയതെന്ന് യശ്വന്ത് സിൻഹ വ്യക്തമാക്കി.
ചട്ടം കൊണ്ടുവന്നത് മറ്റുള്ളവർക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെട്ടു. മോദിക്ക് ചട്ടം ബാധമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചട്ടം എല്ലാവർക്കും ബാധകമല്ലേ എന്നും യശ്വന്ത് സിൻഹ ചോദിച്ചു. 2014ലാണ് മാർഗനിർദേശ് മണ്ഡലിന് രൂപം നൽകി എൽ.കെ. അദ്വാനി അടക്കം 75 വയസ് കഴിഞ്ഞ മുതിർന്ന നേതാക്കളെ ബി.ജെ.പി മാറ്റിയത്.
75 വയസ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും അമിത് ഷാക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നും ജയിൽ മോചിതനായ അരവിന്ദ് കെജ്രിവാൾ ഇന്നലെ ചൂണ്ടിക്കാട്ടിയത്. തനിക്കെതിരെയുള്ള എല്ലാ നേതാക്കളെയും ഒഴിവാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, ശിവരാജ്‌സിങ് ചൗഹാന്‍, രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ മോദി ഒഴിവാക്കി.
ബി.ജെ.പിയിൽ 75 വയസ്സ് തികയുന്നവർ വിരമിക്കണമെന്ന ചട്ടമുണ്ടാക്കിയത് മോദിയാണ്. അങ്ങനെയെങ്കിൽ മോദിയും അടുത്ത വർഷം വിരമിക്കണം. അതിനുശേഷം ആരാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രിയാവുകയെന്നും കെജ്രിവാൾ ചോദിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യോഗി ആദിത്യനാഥിന്റെ സ്ഥാനം തെറിക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
അതേസമയം, കെജ്രിവാളിന്റെ പ്രസ്താവന തള്ളിയ അമിത് ഷാ 75 വയസാകുമ്പോൾ മോദി പ്രധാനമന്ത്രി പദവി ഒഴിയില്ലെന്നും മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബി.ജെ.പിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിക്ക് 75 വയസ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.












