വിതുര : ഗോകുൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യൂഹം. പൊന്മുടി സംസ്ഥാന ഹൈവേയിലെ തേവിയോട് ജംഗ്ഷനു സമീപം റോഡിനോട് ചേർന്ന ഭാഗത്താണ് പുലിയെ കണ്ടതെന്ന് ഇതുവഴി കടന്നു പോയ ആനപ്പാറ സ്വദേശികൾ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടേതെന്ന് സംശയിക്കുന്ന തരത്തിൽ കാൽപ്പാടുകളോ മറ്റു സൂചനകളോ ലഭിച്ചില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ തേവിയോട് പള്ളിയുടെ സമീപത്ത് കൂടി കടന്നു പോയവരാണ് പുലിയെ കണ്ടതായി പറഞ്ഞത്. തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തുകയായിരുന്നു.
എസ്റ്റേറ്റ് പരിസരത്തും ചിറ്റാർ മേഖലയിലും കഴിഞ്ഞ കുറച്ച് കാലമായി തെരുവ് നായ്ക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ഇത് ഏതെങ്കിലും ഒരു അജ്ഞാത ജീവിയുടെ സാന്നിധ്യമാണോ എന്ന് ആശങ്ക പടർന്നിരുന്നു. അതിനിടെയാണ് പുലിയെ കണ്ടതായി അഭ്യൂഹം ഉയരുന്നത്. മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. പൊന്മുടിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പട്ടംകുളിച്ചപാറയിൽ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവവും ഉണ്ടായി. ആനപ്പാറ നാരകത്തിൻകാലയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് മൃഗാശുപത്രി മെഡിക്കൽ ഓഫീസർ കണ്ടെത്തിയിട്ടും അധിക കാലം ആയില്ല. അടിപറമ്പ് ജഴ്സി ഫാം പരിസരത്തും ബോണക്കാട് മേഖലയിലും പുലിയെ കണ്ടതായി വിവരം വന്നിരുന്നു.