ജറുസലേം: ഗാസയിൽ ഹമാസിനെതിരായ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരണ സംഖ്യ കുതിച്ചുയരുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ബോംബാക്രമണം വ്യാപിച്ചതോടെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇതിന് പുറമേ ഇസ്രയേലിന്റെ ഉപരോധം കാരണം ഗാസയിൽ ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടസം നേരിട്ടു. ഗാസയിലെ സന്നദ്ധപ്രവർത്തനങ്ങൾ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ.യുടെ മുന്നറിയിപ്പ്.
‘ഇന്ധനക്ഷാമത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം ഞങ്ങളുടെ പ്രവർത്തനങ്ങള്‍ തടസപ്പെടും. ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാകില്ല, ആശുപത്രികൾ അടച്ചുപൂട്ടും, ഗാസയിലേക്ക് സഹായമെത്തുന്നത് സ്വീകരിക്കാനും വിതരണം ചെയ്യാനും ഞങ്ങളുടെ ട്രക്കുകളിൽ ഇന്ധനം ഉണ്ടാകില്ല’ – യു.എന്‍.ആര്‍.ഡബ്ല്യു.എ.യു ഡയറക്ടർ ടോം വൈറ്റ് പ്രതികരിച്ചു. ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 35 ആശുപത്രികളില്‍ 15ഉം പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നത്. വിവിധ ആശുപത്രികളിൽ ഇൻക്യുബേറ്ററുകളിൽ കഴിയുന്ന കുഞ്ഞുങ്ങളുണ്ട്. വൈദ്യുതി നിലച്ചാഷ ഇവരുടെയെല്ലാം ജീവൻ പൊലിയുമെന്ന് വിവിധ ആശുപത്രികളിലെ ഡോക്ടർമാരും പറയുന്നു. എങ്ങിനെയും ആശുപത്രികളിൽ വൈദ്യുതി നിലനിർത്താൻ വേണ്ട സഹായമുണ്ടാകണമെന്നാണ് ഇവരുടെ അഭ്യർത്ഥന.
ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസും വ്യക്തമാക്കി. എന്നാൽ ഇന്ധനം ഹമാസിനോട് ചോദിക്കൂ എന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ മറുപടി. അഞ്ചുലക്ഷം ലിറ്ററിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തി വെച്ചിരിക്കുകയാണെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്. ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കുമെന്നാണ് സന്നദ്ധ സംഘടനകള്‍ നൽകുന്ന മുന്നറിയിപ്പ്.
ആരോഗ്യസംവിധാനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും നിലച്ചാൽ അത് ഗാസസിൽ കുട്ടികളടക്കമുള്ള നൂറുകണക്കിന് ജീവൻ പൊലിയാൻ കാരണമാകും. ഗാസയിലേക്ക് കുടിവെള്ളം ഇസ്രയേലില്‍നിന്ന് പൈപ്പുവഴിയാണെത്തുന്നത്. കുടിവെള്ള പൈപ്പ്ലൈന്‍ ഇസ്രയേല്‍ അടച്ചിരിക്കുകയാണ്. കടല്‍വെള്ളം ശുദ്ധീകരിച്ചും വെള്ളമെടുക്കുന്നുണ്ടെങ്കിലും വൈദ്യുതി നിലച്ചതോടെ മിക്ക കടല്‍വെള്ള ശുദ്ധീകരണപ്ലാന്റുകളും പൂട്ടി.
അതേസമയം ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ നടപടി എപ്പോള്‍ , എങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. യുദ്ധക്കെടുതിയിൽപ്പെട്ട് 150 ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് കഴിയുന്നത്.