മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്. മൂല്യം 18 പൈസ കുറഞ്ഞ് 79.03ൽ രൂപ വ്യാപാരം അവസാനിച്ചു. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപയ്ക്കു മുകളിലെത്തുന്നത്. ഓഹരി നാണ്യ വിപണികളിൽ നിന്നുള്ള ഡോളറിന്റെ പിൻവലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാൻ കാരണമാകുന്നത്.
ഓഹരി വിപണിയിൽ നിന്ന് ബുധനാഴ്ച മാത്രം 1244.5 കോടിയുടെ ഓഹരികൾ വിദേശ സ്ഥാപന നിക്ഷേപകർ വിറ്റു. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തൽ ഉൾപ്പെടെയുള്ള കാരണങ്ങളാൽ അമേരിക്കൻ ഡോളർ വീണ്ടും കരുത്താർജിക്കുകയാണ്. അസംസ്കൃത എണ്ണ വില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്. ബുധനാഴ്ച ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 79.05 വരെയെത്തിയിരുന്നു. ചൊവ്വാഴ്ച 48 പൈസ ഇടിഞ്ഞ് 78.85 രൂപയിലെത്തിയിരുന്നു. ഈ മാസം ഇതുവരെ 1.97 ശതമാനമാണ് രൂപ നേരിട്ട ഇടിവ്. 2022 ആരംഭിച്ചതു മുതൽ 6.39 ശതമാനം മൂല്യമിടിഞ്ഞു.
രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 150.48 പോയിന്റ് ഇടിഞ്ഞ് 53,026.97ൽ എത്തി. നിഫ്റ്റി 51.10 ഇടിഞ്ഞ് 15,799.10.ൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ നേട്ടത്തിലെത്തിയ സൂചികകളാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ ഇടിഞ്ഞത്. അതിനിടെ ബ്രെന്റ് ക്രൂഡിന്റെ വില 0.34 ശതമാനം ഉയർന്ന് ബാരലിന് 118.38 ഡോളറിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയർത്തിയതോടെ ഡോളറിന്റെ ഡിമാൻഡ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം വരും ദിവസങ്ങളിലും ഇടിയാനാണു സാധ്യത.