കീവ്: യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ. കീവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ നൽകുന്ന വിശദീകരണം. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കീവിൽ അപ്പാർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു.
അതേസമയം റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൌരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈൻ്റെ വിശദീകരണം. 1.20 ലക്ഷം യുക്രൈൻ പൌരൻമാർ ഇതിനോടകം അതിർത്തി കടന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
അറുപത് റഷ്യൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങിയെന്നും ഇവരെ യുക്രൈൻ സൈന്യം തുരത്തിയെന്നും യുക്രൈനിലെ പടിഞ്ഞാറൻ പട്ടണമായ ലിവീവ് മേയർ അറിയിച്ചു. പൊടുന്നനെ റഷ്യ ലിവീവ് ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിന് പിന്നിൽ കാരണമെന്താണെന്ന് അറിയില്ല. എന്നാൽ യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി തലസ്ഥാനമായ കീവിൽ നിന്നും ലിവീവിലേക്ക് കടന്നുവെന്ന് നേരത്തെ ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെലൻസ്കിയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം എന്ന വിലയിരുത്തലുണ്ട്.