കീവ് : യുക്രൈൻ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ റഷ്യ വർഷിച്ചത് 84 ക്രൂയിസ് മിസൈലുകൾ. ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിൽ യുക്രൈനെ കുറ്റപ്പെടുത്തിയ റഷ്യ വൻ തിരിച്ചടിയാണ് ആരംഭിച്ചിരിക്കുന്നത്. 84 മിസൈലുകളാണ് റഷ്യ യുക്രൈനിലേക്ക് തൊടുത്തതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങളിൽ 14 പേർ മരിച്ചു. തലസ്ഥാനമായ കൈവിലെ തിരക്കേറിയ നഗരങ്ങളിലും പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മിസൈലുകൾ പതിച്ചു. ഭീകരമായ ആക്രമണം എന്നാണ് സംഭവത്തെ അമേരിക്ക വിശേഷിപ്പിച്ചത്.
പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രേനിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു. അവർ രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. തൊടുത്തുവിട്ട മിസൈലുകളിൽ 43 എണ്ണം തകർത്തതായി യുക്രൈന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങളെല്ലാം തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യുക്രൈനിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്. റഷ്യയെ ക്രീമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്. തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന കെര്‍ച്ച് പാലം. ഭീകരാക്രമണമെന്നാണ് പാലം തകർത്തതിനെ പുട്ടിൻ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്പോൺസർമാരും യുക്രൈൻ ആണെന്നും പുട്ടിൻ പറഞ്ഞിരുന്നു.
അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ മിസൈലുകൾ വർഷിച്ചതിന് പിന്നാലെ, യുക്രൈന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. ബൈഡൻ യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി സംസാരിച്ചെന്നും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പടെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണ യുക്രൈന് നൽകുന്നത് തുടരുമെന്ന് ഉറപ്പു നൽകിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.