മോസ്കോ: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് റഷ്യ. ഇതിനിടെയാണ് പലസ്തീന്‍ പ്രസിഡന്‍റിന്‍റെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ക്രെംലിന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരുപക്ഷത്തോടും വെടിനിര്‍ത്താന്‍ പുടിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. വ്‌ളാഡിമിർ പുടിൻ ഒരു വർഷം മുമ്പ് കസാക്കിസ്ഥാനിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് മഹമൂദ് അബ്ബാസിനെ അവസാനമായി കണ്ടത്. രണ്ട് വർഷം മുമ്പാണ് മഹമൂദ് അബ്ബാസ് അവസാനമായി റഷ്യ സന്ദർശിച്ചത്.