കീവ് : റഷ്യയുടെ യുക്രൈയിൻ അധിനിവേശത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടും. ഇതുവരെ 240ൽ അധികം സിവിലിയൻമാർക്ക് പരിക്കേറ്റുവെന്നും ഇതിൽ 64 പേർ കൊല്ലപ്പെട്ടുവെന്നുമാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചത്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കീവിലെ ആറ് വയസുകാരനാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈയിനിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴ് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി അറിയിച്ചു.
യുക്രൈനിലെ അനാഥാലയവും കിന്റർ ഗാർഡൻ റഷ്യൻ സൈന്യം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് റഷ്യ ഇതിനെ തള്ളിക്കളയുകയായിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതേസമയം കീവിൽ റഷ്യൻ സൈന്യത്തിന്റെ വെടിവെപ്പിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്ക് പറ്റിയതായാണ് വിവരം.