യുക്രൈൻ : യുദ്ധം തുടങ്ങി എട്ടാം ദിവസവും റഷ്യ പിന്നോട്ടില്ല. സകലതും തകർത്തെറിഞ്ഞ് റഷ്യയുടെ യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും ഖാർക്കിവിൽ കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്ഫോടനവും തുടർന്നു. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങൾ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. യുക്രെയ്ൻ പട്ടാളത്തെ കൊന്നൊടുക്കാൻ ശ്രമമെന്നും അമേരിക്ക വിലയിരുത്തുന്നു. ഒരാഴ്ചയ്ക്കിടെ 9000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി വ്യക്തമാക്കി. ഇതിനിടെ റഷ്യ യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കുകയാണ്. ബെലാറൂസ് പോളിഷ് അതിർത്തിയിലാണ് ചർച്ച. ചർച്ചയ്ക്കായി ഇന്നലെ തന്നെ റഷ്യൻ സംഘം എത്തിയിരുന്നു. വെടി നിർത്തലും ചർച്ചയാകുമെന്നാണ് പുടിൻ പറയുന്നത്.
യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യുഎൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ ഇന്നലെ പാസാക്കി. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു. ചൈനയും പാക്കിസ്ഥാനും വിട്ടു നിന്ന് രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്.