വാഷിംഗ്ടൺ : യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. യാതൊരു വിധ പ്രകോപനവുമില്ലാതെ യുക്രൈനെതിരെ റഷ്യ നടത്തിയ ആക്രമണം ന്യായീകരിക്കാനാകാത്തതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യാഴാഴ്ച രാവിലെയാണ് യുദ്ധം പ്രഖ്യാപിച്ചത്. പാശ്ചാത്യ രോഷത്തെയും യുദ്ധം ആരംഭിക്കരുതെന്ന ആഗോള അഭ്യർത്ഥനയെയും ധിക്കരിച്ച് യുക്രൈനിൽ ആക്രമണം നടത്തുകയായിരുന്നു റഷ്യ. യുക്രൈൻ സൈനികരോട് ആയുധം താഴെ വെക്കാൻ പുതിൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
മോസ്കോയിൽ വ്യാഴാഴ്ച രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ വ്യോമാക്രമണങ്ങളും റഷ്യ നടത്തി. പ്രതിരോധത്തിന് നിൽക്കരുതെന്നും യുക്രൈന് സൈന്യത്തിന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രൈനെതിരെ സൈനിക നടപടി അനിവാര്യമായിരിക്കുന്നുവെന്നാണ് പുതിൻ പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈനിലെ ഡോൺബാസിലാണ് സൈനിക നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഐക്യരാഷ്ട സഭ രക്ഷാസമിതി അടിയന്തര യോഗം ചേർന്നിരിക്കുകയാണ്.