ന്യൂഡൽഹി : റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ക്രൂഡോയിൽ വില കുത്തനെ ഉയരുകയാണ്. ഈ അവസ്ഥയിൽ രാജ്യത്ത് ഇന്ധന വില വർധിക്കാതിരിക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിച്ചു വരികയാണെന്ന് കേന്ദ്രം അറിയിച്ചു. ആഗോളതലത്തിലുള്ള നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ധന വിതരണം സുഖമമാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി. യുക്രൈയിനെതിരേ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നിരിക്കുകയാണ്. ഏഴുവർഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളർ പിന്നിടുന്നത്. എന്നാൽ ഇതിന്റെ പ്രതിഫലനം രാജ്യത്ത് ഉണ്ടാവാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ക്രൂഡോയിൽ വില നിയന്ത്രിക്കുന്നതിന് കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ എണ്ണ പുറത്തിറക്കാൻ സർക്കാർ തയ്യാറാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
അസംസ്കൃത എണ്ണവില ഉയർന്നെങ്കിലും അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം മുൻനിർത്തി നവംബർ നാലിനുശേഷം രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 2021 നവംബർ 4 മുതൽ 113 ദിവസത്തേക്ക് മാറ്റമില്ലാതെ തുടരുന്ന പെട്രോൾ, ഡീസൽ വില (ദീപാവലിക്ക് എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് നേരിയ തോതിൽ മാറ്റം വന്നിരുന്നു) റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഉടലെടുത്ത ആഗോള രാഷ്ട്രീയ പ്രതിസന്ധി കാരണം ഇന്ധനവില വീണ്ടും ഉയർന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്.