മഞ്ചേരി: റഷ്യ-ഉക്രയ്ന്‍ യുദ്ധം മൂന്നാം ദിവസത്തേക്ക് കടന്നതോടെ ആശങ്കയിലായത് മലപ്പുറത്തുനിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും. ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ വലിയ അപകടമെന്നും സംഭവിച്ചിട്ടില്ലെങ്കിലും ഭക്ഷണ സാമഗ്രികള്‍ സംഭരിക്കാന്‍ പറ്റുന്നില്ലെന്നതാണ് മുഖ്യപ്രശ്നം. പുറത്തിറങ്ങിയാലേ എന്തെങ്കിലും വാങ്ങാന്‍ കഴിയു. ഷെല്ലാക്രമണം തുടങ്ങിയതോടെയാണ് മലയാളി വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിലവറയില്‍ അഭയം തേടിയതെന്ന് കൊണ്ടോട്ടി സ്വദേശി റിയാസ് മുഹമ്മദ് പറഞ്ഞു.
കുറച്ചുപേര്‍ ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലെ സബ്ബേകളിലുമായി സുരക്ഷിതരായുണ്ട്. ഉക്രയ്ന്‍ അതിര്‍ത്തിയായ ഒലിസ് വീസ്‌ക്കയിലെ കാര്‍ക്കീവ് സ്റ്റേറ്റ് ഡോക്ടര്‍ ഓഫ് വെറ്റിനറി മെഡിസിന്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് റിയാസ്. ഇവിടെ അഞ്ച് ഹോസ്റ്റലുകളിലായി മലയാളികള്‍ ഉള്‍പ്പെടെ 250 വിദ്യാര്‍ഥികളുണ്ട്. ഏറ്റവും കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ഇവിടെയാണ്. യുദ്ധം തുടങ്ങിയതോടെ എല്ലാവരേയും കെട്ടിടത്തിന്റെ ബേസ്മെന്റിന് താഴെയുള്ള കലവറയിലേക്ക് മാറ്റി.
ഷെല്ലാക്രമണത്തിന്റെ ഭീകരമായ ശബ്ദം കേള്‍ക്കാം. പുറത്ത് എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ല. വൈദ്യുതിയും ഇന്റര്‍നെറ്റ് സംവിധാനവും തടസമില്ലാതെ കിട്ടുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണ്. വീട്ടുകാരെയും എംബസിയിലെ ജീവനക്കാരെയും ഇടക്കിടെ ബന്ധപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.