കീവ് : യുഎൻ സുരക്ഷാ കൗൺസിലില്‍ ‘യുക്രെയ്ൻ പ്രമേയം’ വീറ്റോ ചെയ്ത് റഷ്യ. യുക്രെയ്നിൽനിന്ന് സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന പ്രമേയമാണു റഷ്യ വീറ്റോ ചെയ്തത്. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അതേസമയം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കൂടുതൽ ആക്രമണങ്ങൾ തുടരുകയാണ്. കീവ് വൈദ്യുത നിലയത്തിനു സമീപം സ്ഫോടനങ്ങൾ ഉണ്ടായതായി കീവ് മേയർ പ്രതികരിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ അഞ്ച് സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും കീവ് മേയർ അറിയിച്ചു.
നാടുവിട്ടു പോയിട്ടില്ലെന്ന വിശദീകരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. ഞങ്ങൾ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും. ട്വിറ്ററിൽ പങ്കുവച്ച പുതിയ വിഡിയോയിലാണു സെലെൻസ്കി നിലപാടു പങ്കുവച്ചത്. യുദ്ധം മാനവികതയുടേയും രാഷ്ട്രീയത്തിന്റേയും പരാജയമെന്നു മാർപാപ്പ പ്രതികരിച്ചു. പൈശാചിക ശക്തികൾക്കു മുന്നിൽ അടിയറവു പറയലാണു യുദ്ധം. ഓരോ യുദ്ധവും ലോകത്തെ മുൻപുള്ളതിനേക്കാൾ മോശമാക്കുമെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.