മോസ്കോ : സുരക്ഷാവിഷയങ്ങളിൽ വ്യക്തമായ ഉറപ്പുകൾ ലഭിക്കാതെ യുക്രെയ്ൻ അതിർത്തിയിലെ സേനയെ പിൻവലിക്കാനാവില്ലെന്നു റഷ്യ വ്യക്തമാക്കി. യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നത് യുഎസ് ഉടൻ നിർത്തണമെന്നും യുഎസ് സുരക്ഷാ നിർദേശങ്ങൾക്കുള്ള റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടിയിൽ ആവശ്യപ്പെട്ടു. കിഴക്കൻ യൂറോപ്പിലെ നാറ്റോ–യുഎസ് സേനയെ പിൻവലിക്കണമെന്നും യുഎസ് മുൻകൈയെടുത്ത് ഉറപ്പുകൾ നൽകിയില്ലെങ്കിൽ സാങ്കേതികമായും സൈനികമായും ശക്തമായി പ്രതികരിക്കുമെന്നും റഷ്യ മുന്നറിയിപ്പും നൽകി. അധിനിവേശ താൽപര്യം റഷ്യക്കില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവർത്തിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പരിഹാരമാണ് താൽപര്യമെന്നുംവിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂജി ഡി മായിയോക്ക് ഉറപ്പുനൽകി. യുക്രെയ്നിന് നാറ്റോ അംഗത്വം നൽകാതിരുന്നാൽ സുരക്ഷാ കാര്യങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ച തുടരും.
യുക്രെയ്ൻ വിമതർ ഷെല്ലാക്രമണം നടത്തിയതോടെ വെടിനിർത്തൽ കരാർ ലംഘിച്ചതായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ആരോപിച്ചു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ലുഹാൻസ്ക് എന്ന് വിമതർ സ്വയം പ്രഖ്യാപിച്ച മേഖലയിൽനിന്നാണു യുക്രെയ്ൻ സൈന്യത്തിനുനേരെ ഷെല്ലാക്രമണമുണ്ടായത്. എന്നാൽ യുക്രെയ്ൻ സേന പ്രകോപനമില്ലാതെ നാലുവട്ടം വെടിവച്ചതായി വിമതർ ആരോപിച്ചു. യുക്രെയ്ൻ സംഘർഷം ചർച്ചാവിഷയമായ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ന് മ്യൂണിക്കിൽ എത്തും. യുക്രെയ്ൻ പ്രസിഡന്റ് ഉൾപ്പെടെ എല്ലാ പ്രമുഖ യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ, റഷ്യ–ബെലാറൂസ് സംയുക്ത സൈനികാഭ്യാസം 20 നു അവസാനിക്കുമെന്നും അതിനുശേഷം സൈന്യം മടങ്ങുമെന്നും റഷ്യ അറിയിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആവശ്യമായ സേന ബെലാറൂസിൽ തുടരും. അതിനിടെ, റഷ്യയിൽ നിന്ന് എസ്–400 മിസൈലുകൾ വാങ്ങാൻ ബെലാറൂസ് കരാറൊപ്പിട്ടു.
ഇതേസമയം, യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്നലെ ബ്രസൽസിൽ അടിയന്തര യോഗം ചേർന്ന് യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്തെങ്കിലും റഷ്യക്കെതിരെ പുതിയ ഉപരോധം പരിഗണിച്ചില്ല.