കിയവ്: കിഴക്കൻ മേഖലയിലെ ഡോൺബാസ് പിടിച്ചെടുക്കാനുള്ള റഷ്യൻ സൈനികരുടെ നീക്കത്തെ ശകതമായി പ്രതിരോധിച്ച് യുക്രെയ്ൻ സൈന്യം. യുക്രെയ്നിലെ വ്യാവസായിക ഹൃദയനഗരമെന്നാണ് ഡോൺബാസ് അറിയപ്പെടുന്നത്. യുക്രെയ്ൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നത് മൂലം റഷ്യയുടെ ആക്രമണത്തിന്റെ വേഗം കുറച്ചതായാണ് ബ്രിട്ടീഷ് ഇന്റലിജൻസ് വിലയിരുത്തൽ.
ഡൊണേട്സ്ക്, ലുഹാൻസ്ക് മേഖലകൾ പിടിച്ചെടുക്കാൻ കനത്ത പോരാട്ടം തുടരുകയാണ്. രണ്ടു മേഖലകളിൽ 24 മണിക്കൂറിനിടെ എട്ടു റഷ്യൻ ആക്രമണങ്ങളാണ് യുക്രെയ്ൻ സൈന്യം പ്രതിരോധിച്ചത്. ഒമ്പതു ടാങ്കുകളും 13 സൈനിക യൂനിറ്റും വാഹനങ്ങളും ഒരു ടാങ്കറും തകർക്കുകയും ചെയ്തു. റഷ്യൻ സൈന്യം ആറ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഒഡേസയിൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നിരവധി മിസൈലുകൾ വെടിവെച്ചിട്ടുവെങ്കിലും ഒന്ന് ഭൂമിയിൽ പതിച്ച് പൊട്ടിത്തെറിച്ചു. ജനവാസ-സൈനിക കേന്ദ്രങ്ങളിൽ ഷെല്ലാക്രമണം തുടരുകയാണ്. പൊപാൻസ നഗരത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഡൊണേട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ നിന്ന് തദ്ദേശവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്. മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ശ്രമം തുടരുകയാണ്. അതിനിടെ, മരിയുപോളിലെ ഉരുക്കു പ്ലാന്റ് ആക്രമണം നടത്താനും റഷ്യൻ സൈന്യം തയാറെടുക്കുകയാണ്. ഉരുക്ക് പ്ലാന്റ് ഒഴികെയുള്ള മരിയുപോളിന്റെ ഭാഗങ്ങൾ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടിരുന്നു.