ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. എല്ലാവിധത്തിലുള്ള മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കാന്‍ ഉക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദ്ദേശം നല്‍കി. റഷ്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടികള്‍ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ആണ് നിര്‍ദേശം. പൗരന്മാരെ മടക്കി കൊണ്ടുവരാന്‍ രണ്ട് പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്ന് സാധാരണ വിമാന സര്‍വീസ് വഴിയാണ്. സംഘര്‍ഷം മൂര്‍ഛിക്കുകയോ, റഷ്യ ആക്രമണം തുടങ്ങുകയോ ചെയ്താല്‍ സൈനിക വിമാനങ്ങള്‍ വഴി പൗരന്മാരെ ഉക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.