ദില്ലി: റഷ്യയുടെ യുക്രൈൻ അധിനിവേശം ആറാഴ്ച പിന്നിടുമ്പോൾ റഷ്യൻ സൈനികരുടെ മനോവീര്യം നഷ്ടമാകുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. റഷ്യൻ സൈനികരിൽ പലരും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഉത്തരവുകൾ ലംഘിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു റഷ്യൻ വിമാനം റഷ്യൻ സൈനികർ തന്നെ വെടിവെച്ചു വീഴ്ത്തിയതായും ബ്രിട്ടൻ പറയുന്നു.
യുക്രൈൻ യുദ്ധം എളുപ്പമായിരിക്കുമെന്ന് വ്ലാദിമിർ പുടിനെ ചില ഉപദേശകർ തെറ്റിദ്ധരിപ്പിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും വിലയിരുത്തി. ഈ റിപ്പോർട്ടുകളോട് റഷ്യ പ്രതികരിച്ചിരിട്ടില്ല. അതേസമയം, ആശുപത്രികളും, ജലവിതരണ സംവിധാനങ്ങളും, സ്‌കൂളുകളും അടക്കം 24 ജനവാസ കേന്ദ്രങ്ങളിൽ എങ്കിലും റഷ്യ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു എന്ന് തെളിഞ്ഞതായി യുഎൻ ഹ്യൂമൻ റൈറ്റ്സ് ഹൈക്കമ്മീഷണർ മിഷേൽ ബാഷ്ലെറ്റ് പറഞ്ഞു.