യുക്രൈന് : റഷ്യക്കെതിരായ യുദ്ധത്തിന് സൈനിക പിന്തുണ നല്‍കിയതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. ‘യുക്രൈനെ പിന്തുണയ്ക്കണോ എന്ന് ഒരു നിമിഷം പോലും സംശയിക്കാത്തവരില്‍ ബോറിസ് ജോണ്‍സണും ഉള്‍പ്പെടുന്നു. നമ്മുടെ രാജ്യത്തിന് പ്രതിരോധിക്കാനുള്ള സഹായവും റഷ്യക്കെതിരായ ഉപരോധത്തില്‍ നേതൃത്വവും നല്‍കുന്ന ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വം എക്കാലവും ചരിത്രത്തിലുണ്ടാകും’. സെലന്‍സ്‌കി പറഞ്ഞു. ബ്രിട്ടന്റെ സഹായത്തിന് ബോറിസ് ജോണ്‍സണോടും രാജ്യത്തോടും യുക്രൈന്‍ ജനത എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
യുക്രൈന് സാമ്പത്തികവും സൈനികവുമായ കൂടുതല്‍ പിന്തുണ നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ശനിയാഴ്ച കീവിലെത്തിയിരുന്നു. അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ബോറിസ് ജോണ്‍സണ്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ‘റഷ്യക്കെതിരായ ഉപരോധം തുടരുകയും ആ നടപടി കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുന്ന ബ്രിട്ടനോട് നന്ദിയുണ്ട്. യുക്രൈന്റെ പ്രതിരോധ ശേഷിക്ക് യുകെ കാര്യമായ പിന്തുണയും നല്‍കുന്നു. മറ്റ് ജനാധിപത്യ പാശ്ചാത്യ രാജ്യങ്ങള്‍ ബ്രിട്ടന്റെ മാതൃക പിന്തുടരണം.’ സെലന്‍സ്‌കി പറഞ്ഞു.