ബ്രസൽസ്: കരിങ്കടലിന് മുകളിൽ റഷ്യയുടെ യുദ്ധവിമാനവും അമേരിക്കയുടെ ഡ്രോണും കൂട്ടിയിടിച്ചതായി റിപ്പോർട്ട്. റഷ്യയുടെ എസ് യു-27 ജെറ്റ് യുദ്ധവിമാനും അമേരിക്കയുടെ എംക്യു -9 റീപ്പർ ഡ്രോണുമായാണ് കൂട്ടിയിടിച്ചത്. സംഭവത്തെ തുടർന്ന് ഡ്രോൺ തകർന്ന് സമുദ്രത്തിൽ പതിച്ചതായി യുഎസ് സൈന്യം അറിയിച്ചു. “ഞങ്ങളുടെ MQ-9 ഡ്രോൺ അന്താരാഷ്‌ട്ര വ്യോമാതിർത്തിയിൽ പതിവ് പരിശോധന നടത്തുമ്പോൾ റഷ്യൻ വിമാനം ഡ്രോണിലെ തടയുകയും ഇടിക്കുകയും ചെയ്തതായി അമേരിക്കൻ അധികൃതർ അറിയിച്ചു. ഇടിച്ചതിനെ തുടർന്ന് ഡ്രോൺ തകരുകയും പൂർണമായി നശിക്കുകയും ചെയ്തെന്നും യുഎസ് എയർഫോഴ്‌സ് കമാൻഡർ ജെയിംസ് ഹെക്കർ പറഞ്ഞു.
റഷ്യയുടെ സുരക്ഷിതമല്ലാത്തതും പ്രൊഫഷണലായതുമായ പ്രവൃത്തി കാരണം രണ്ട് വിമാനങ്ങളും തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടിയിടിക്കുന്നതിന് മുമ്പ് നിരവധി തവണ റഷ്യൻ യുദ്ധ വിമാനം അമേരിക്കൻ ഡ്രോണിന് മുകളിൽ ഇന്ധനം ഒഴിച്ചുവെന്നും യുഎസ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. സുരക്ഷയില്ലാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ റഷ്യയുടെ നടപടി കാരണമാണ് ഇത്തരമൊരു സംഭവമുണ്ടാകാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കിർബി പറഞ്ഞു.
അതേസമയം, കരിങ്കടലിൽ പതിച്ച യുഎസ് ഡ്രോണുമായി തങ്ങളുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചിട്ടില്ലെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ സൈന്യം അവരുടെ ഓൺബോർഡ് ആയുധങ്ങൾ ഉപയോഗിച്ചില്ലെന്നും ഡ്രോണുമായി കൂട്ടിയിടിച്ചില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.