ന്യൂയോര്‍ക്ക്∙ തന്റെ അമേരിക്കന്‍ അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കിയ കൊലപ്പെടുത്തി അവരുടെ പാസ്‌പോര്‍ട്ടും തൊഴില്‍ ഐഡി കാര്‍ഡും തട്ടിയെടുക്കാന്‍ ശ്രമിച്ച റഷ്യന്‍ വംശജയായ സ്ത്രീ കുറ്റക്കാരിയാണെന്ന് യുഎസ് കോടതി. നാല്‍പത്തിയേഴുകാരിയായ വിക്‌ടോറിയ നസ്യറോവ, വധശ്രമക്കേസില്‍ കുറ്റക്കാരിയെന്ന് ന്യൂയോർക്കിലെ ജൂറിയാണ് വിധിച്ചത്.
തന്റെ രൂപസാദൃശ്യമുള്ള മുപ്പത്തിയേഴുകാരിയുടെ വീട്ടിലേക്ക് വിഷം കലര്‍ത്തിയ ചീസ് കേക്കുമായി വിക്‌ടോറിയ എത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ഏറെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടു പേരും റഷ്യന്‍ ഭാഷ സംസാരിച്ചിരുന്നു, ഇരുണ്ട മുടിയും ചര്‍മത്തിന് ഒരേ നിറവുമായിരുന്നു. വിക്‌ടോറിയ നല്‍കിയ ചീസ് കേക്ക് കഴിച്ച യുവതിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. തൊട്ടടുത്ത ദിവസം യുവതിയെ വീട്ടില്‍ വിവസ്ത്രയായി അബോധാവസ്ഥയില്‍ സുഹൃത്ത് കണ്ടെത്തുകയായിരുന്നു. ചുറ്റും ഗുളികകള്‍ ചിതറിക്കിടന്നിരുന്നു. യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതോടെ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ചികിത്സയ്ക്ക് ശേഷം തിരിച്ച് വീട്ടിലെത്തിയപ്പോള്‍ തന്റെ പാസ്‌പോര്‍ട്ടും തൊഴില്‍ ഐഡി കാര്‍ഡും ആഭരണങ്ങളും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളും കാണാനില്ലെന്ന് യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീസ് കേക്കില്‍ വിഷാംശം കണ്ടെത്തിയതോടെ വിക്‌ടോറിയ അറസ്റ്റിലായി. മാര്‍ച്ച് 21ന് ശിക്ഷ വിധിക്കും. 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.